Sunday, March 19, 2017

പ്രവാസം

പ്രവാസം 



മൊബൈലിലെ സ്വന്തംകുടുംബ ചിത്ര‍ത്തില്‍ നോക്കിയുള്ള ബായിയുടെ ആ ഇരിപ്പ് കണ്ടപ്പോള്‍
അറിയാതെ ഞാന്‍ ചോദിച്ചുപോയി
'ബായ് എന്തിനാ പ്രവാസി ആയേ?'
''ജീവിക്കേണ്ടേ മോനെ''
'ന്നിട്ട് ജീവിതം ഉണ്ടോ?'
''എവിടെ, നമ്മുടെ ജീവിതമൊക്കെ നാട്ടിലല്ലേ?''
ആ കണ്ണുകളില്‍ ശൂന്യത പടര്‍ന്നു
'ക്കെ ശര്യാകും ബായ്'
''ഊം ... എല്ലാം ശരിയാകുമ്പോഴേക്കും
 ജീവിതമവിടെ മൂത്ത് നരച്ച് കിടക്കുന്നുണ്ടാകും
എല്ലാം നേടിയിട്ടും ഒന്നും ഉപകാരപ്പെടാതെ..
ആര്‍ക്കും വേണ്ടാതെ ...''
ആ സ്വരം ഇടറി ചുണ്ടുകള്‍ വിറച്ചു
ചിത്രത്തില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന കുഞ്ഞുങ്ങളേയും പ്രിയതമയേയും ബായ്
തുരു തുരെ ചുമ്പിച്ചു...
 കണ്ടു നില്‍ക്കാനാകാതെ ഞാന്‍ മുഖം തിരിച്ചു
നടക്കുമ്പോള്‍ എന്റെ ഹൃദയവും എന്തിനോവേണ്ടി
നീറികൊണ്ടിരുന്നു.
-----------------------------
#നിഫ്രാജ്_മാങ്കാവ്

ചേട്ടന്‍


ചേട്ടന്‍
* * * * * *
വയറെരിഞ്ഞാണിന്നെന്‍റെ മോന്‍ 
അതിലേറെ പുകയുന്നീ മാറത്ത് കിടപ്പൂ 

അമ്മയെ ഓര്‍ത്തു നീ ഏങ്ങികരയാതെ
അമ്മിഞ്ഞക്കായി നിൻ ചുണ്ടു പരതാതെ
അമ്മിഞ്ഞ നൽകുവാൻ ആകില്ല എങ്കിലും
നെഞ്ചോട് ചേർത്ത നിന്റമ്മയാണിന്നു ഞാൻ

ഇളമേനിയിലെരിവെയിൽ കൊണ്ട് നീ വാടാതെ
ഇടനെഞ്ചിലെ നോവായ് നിശബ്ദമായ് തേങ്ങാതെ
വെയിലേറ്റു കനലേറ്റു നിൻ തണലായ്‌ മാറുന്ന
കാരുണ്യ നിറവാകും നിന്റച്ഛ നാണിന്നു ഞാൻ

അലിവുള്ളോരാള്‍ വന്നീഫലം വാങ്ങും
ഒരരിമണി കൊണ്ട് നിൻ കുഞ്ഞു വയറും നിറയും
മിഴിനീരുണങ്ങിയ കവിളില്‍ ചെറു ചിരി തെളിയും
ആ പുഞ്ചിരിയിലെന്നുടെ വയറും നിറയും

കൊഞ്ചി കുഴഞ്ഞു കളിച്ചു നീ മയങ്ങുമ്പോള്‍
അമ്മയെകാണാനായ് ഞെട്ടി ഉണരുമ്പോൾ
പുലരോളം താരാട്ട് പാടി ഉറക്കുന്ന
നിദ്ര മറന്ന നിന്‍ ചേട്ടനുമാണിന്നു ഞാന്‍ .
* * * *നിഫ്രാജ് മാങ്കാവ്* * * *

തേപ്പ് l

തേപ്പ്


തേപ്പ്
തേക്കാനല്ല അടുത്തത്
തേക്കാനായിരുന്നില്ല
ആഗ്രഹിച്ചതും
പക്ഷേ...,
നീ വാ തുറന്നപ്പോള്‍
അറിയാതെ അറിയാതെ
തേച്ചുപോയി
- വാ തേക്കുന്ന സുന.

സന്തോഷ്‌ എചിക്കാനവും ആത്മരതിയനും l


സന്തോഷ്‌ എചിക്കാനവും ആത്മരതിയനും



മിസ്റ്റർ 'എച്ചി' കാനം
ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണെന്ന താങ്കളുടെ അഹം ബോധത്തിൽ നിന്നാണ് ആത്മരതി പോലുള്ള വാക്കുകൾ കൊണ്ട് മറ്റുള്ളവരെ അധിക്ഷേപിക്കാൻ തന്നെയൊക്കെ പ്രാപ്തനാക്കിയത്.
ശരിയാണ് ഞങ്ങളാരും തികഞ്ഞവരല്ല ! എന്നാൽ ആ ബോധം തന്നെയാണ് സോഷ്യൽ മീഡിയയിലെ എഴുത്തുകാരെ എഴുത്തുകാരാക്കിയതും പുതിയൊരു വായനസംസ്കാരത്തിനു വിത്തുപാകിയതും . എഴുത്തിലെ വേറിട്ട ശൈലികള്‍,പുതിയ കാഴ്ചപാടുകള്‍ ജീവിതാനുഭവങ്ങള്‍ പച്ചയായി കോറിയിടാന്‍ സാധാരണക്കാരനെ പ്രാപ്തമാക്കിയത് എല്ലാം എഴുതുന്നവനും വായിക്കുന്നവനും നമ്മൾ എല്ലാം തികഞ്ഞവരല്ല ബോധം ഉള്ളതിനാല്‍ ആണ്.എം ടി യെ പോലുള്ള മഹാരഥന്മാരായ സാഹിത്യകാരന്മാർ ഇപ്പോഴും ചിന്തിക്കുന്നതും തങ്ങൾ എല്ലാം തികഞ്ഞവരല്ല എന്നുതന്നെയാണ്.
ഇവിടെ നിങൾ പുച്ഛിച്ചു തള്ളിയ സോഷ്യൽ മീഡിയ എഴുത്തുകാരുടെ പത്തില്‍ ഒന്ന് വായനക്കാരുണ്ടാവില്ല മിസ്റ്റർ താങ്കളുടെ രചനകൾക്ക്. നാല് കഥയെഴുതി അതുനു പുരസ്കാരവും തരപ്പെടുത്തി ശിഷ്ട്ടകാലം അതിന്‍റെ സുഷുപ്തിയില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സാഹിത്യകാരന്മാരുടെ കാലമൊക്കെ കഴിഞ്ഞൂബായ് . ഈ കാലത്തു പുസ്തകങ്ങൾ വായിക്കാനല്ല വാശിപിടിക്കേണ്ടത് വായന മരിക്കാതിരിക്കാനാണ്.
 സമയം കിട്ടുമ്പോൾ തെളിഞ്ഞ മനസ്സുമായി ഈ വഴിയൊക്കെ ഒന്ന് വരിക നിങ്ങളൊക്കെ എഴുതിക്കൂട്ടിയ ചപ്പു ചവറുകളെക്കാൾ മനോഹരമായി പുതിയ പിള്ളാര് എഴുതി വച്ച ജീവിത ഗന്ധിയായ കഥകളും കവിതകളും നിങ്ങൾക്കൊന്നും സ്വപ്നം കാണാനാകാത്ത സ്നേഹവും ഐക്യവും പരസ്പര പ്രോത്സാഹനവും എഴുത്തിന്റെ വസന്തങ്ങളും ഈ താളുകളിൽ കാണാം. വായനയെ മരിക്കുവാൻ അനുവദിക്കാത്ത പുതു തലമുറയെ ആശിർവദിക്കുവാൻ താങ്കളുടെ മനസ്സ് ഇനിയും ഒരുപാട് വളരേണ്ടതുണ്ടാകും പക്ഷെ നിങ്ങള്ക്ക് അവരെ നിന്ദിക്കാതെ എങ്കിലും ഇരിക്കാം. വെറുതെ മറ്റുള്ളവരുടെ മുമ്പിൽ വല്ലാതെ ചെറുതാകേണ്ടല്ലോ

എന്ന്,
ഒരു സോഷ്യൽ മീഡിയ ആത്മരതിയൻ.
Nifru ( Nifraj Mankavu)

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!

സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ട് തുലാസ്സുകൾ ആണ്.!!!!




----------------------------------------------
പ്രമുഖ നടിയെ നടുറോട്ടിൽ
മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം ചർച്ചചെയ്യുകയ്യുകയാണു സകല ചാനലുകളും നല്ലകാര്യം
സ്ത്രീത്വത്തെ അപമാനിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം.ആ കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായി പിന്തുണ ആദ്യമേഅറിയിക്കട്ടെ
നമ്മുടെയെല്ലാം കണ്ണിലുണ്ണിയായ ആ കലാകാരിക്ക് എത്രയും വേഗം നീതികിട്ടുവാനും
സ്ത്രീ ജനങ്ങളുടെ ആശങ്കക്ക് ആറുതി വരുത്തുവാനും ഉള്ള സത്വരനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം
വെള്ളിയാഴ്ച രാതി ഏകദേശം 10 മണിക്ക് നടിയെ തട്ടികൊണ്ട് പോകുന്നു. 1 മണിക്കൂറിന് ശേഷം നടിയെ വഴിയിൽ ഉപേക്ഷിക്കുന്നു. നടി നേരെ ലാൽ എന്ന സംവിധായകന്റെ വീട്ടിലേക്ക്.നടി വിലക്കിയിട്ടും ലാൽ പോലീസിനെ അറിയിക്കുന്നു. സാധാരണക്കാരനിടയിൽ പീഠന കൊലപാതകങ്ങൾ കഴിഞ്ഞാൽ പോലും മണിക്കൂറുകൾ അല്ലങ്കിൽ ദിവസങ്ങൾക്ക് ശേഷം വരുന്ന പോലീസ് ഈ സംഭവം അറിഞ്ഞപ്പോൾ രാത്രി 12.30 മണിക്ക് തന്നെ അതും ഡെപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്ര, അസി: പോലീസ് കമ്മീഷണർ എം ബിനോയ് നടിയുടെ അടുത്തെത്തി തെളിവെടുക്കുന്നു.പ്രഭാതമായപ്പോൾ മാധ്യമങ്ങൾ സോഷ്യൽ മീഡിയകൾ മത്സരിച്ച് വാർത്തയാക്കുന്നു. ഉച്ചക്ക് 12 മണിക്ക് മുമ്പെ പ്രതികൾ അറസ്റ്റിൽ ! അഭിനന്ദിക്കാതെ വയ്യ!!!
പക്ഷേ ഒരു സംശയം.ഈ ഒരു സെലബ്രിറ്റി ക്ക് കിട്ടുന്ന അതെ സംരക്ഷണം സാധാരണ ഒരു സ്ത്രീക്ക് അല്ലങ്കിൽ ഒരു പുരുഷന് കിട്ടുന്നുണ്ടോ.?
ഇതേ നാട്ടിൽ ആയിരുന്നില്ലേ സൗമ്യ, ജിഷ വടക്കാഞ്ചേരി എന്നീ പെൺകുട്ടികൾ????
ദിനം പ്രതി പീഠനത്തിനിരയാകുന്ന നിരവധി കുഞ്ഞുങ്ങൾ...?
കഴിഞ്ഞ ദിവസവും തിരുവനന്തപുരത്ത് ഒരു 7 വയസ്സുള്ള ഒരു കുട്ടി മൃഗീയമായി പീഢിക്കപെട്ടു , പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാൻ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തിൽ തിരുകി കയറ്റുകയാണ് പൂജാരി മണികണ്ഠൻ ചെയ്തത് ... സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയുടെ സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടാണ് പ്രതിയെ കസ്ററയിൽ എടുത്തത്
ഇതേ നാട്ടിലല്ലേ നടുറോട്ടിൽ ഒരു ഉറുമ്പിനെപോലും നോവിക്കാത്തൊരു പച്ചമനുഷ്യന്റെ - കൊടിഞ്ഞിയിൽ ഫൈസലിന്റെ ഉടൽകഷ്ണങ്ങൾ ചോരയിൽ മുങ്ങിക്കിടന്നപ്പോ എന്തേ ഇവരെല്ലാം മൗനികളായി???
ഇപ്പോൾ പൗരസുരക്ഷയെകുറിച്ചും, ജീവിതാവകാശത്തെകുറിച്ചും മീഡിയകളിലൂടെ അലറിപ്പൊളിക്കുന്നവർ അപ്പോള്‍ കുഞ്ഞമ്മേടെ കല്ല്യാണത്തിന് പോയതായിരുന്നോ ?!
സാധാരക്കാരുടെ മക്കളുടെ മാനത്തിനും സെലിബ്രറ്റിയുടെ മാനത്തിനും രണ്ടും രണ്ടു തുലാസ്സുകൾ ആണെന്നാണോ നിയമപാലകർ സമൂഹത്തിനു കാണിച്ചു കൊടുക്കുന്നത്.
ഏതൊരു മാനദണ്ഡം വെച്ചാണ് പോലീസും മാധ്യമങ്ങളും ഒരു വിഷയത്തെ "പ്രധാനം" , "അപ്രധാനം" എന്ന് കണക്കാക്കുന്നത് ? ഈ നടിക്ക് പോലീസിൽ നിന്നും കിട്ടിയ ഈ സംരക്ഷണം പ്രശംസിക്കുന്നതോടൊപ്പം പോലീസിന്റെ ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് മറ്റുള്ള സാധാരണക്കാരനും ഇത് പോലെ സംരക്ഷണം കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ പ്രശ്നങ്ങൾക്ക് എന്നെ കുറവുണ്ടാകുമായിരുന്നു
ഇതിലും വലിയപീഡനം അനുഭവിച്ചു ഇഞ്ചിഞ്ചായി മരണത്തെ നേരിടേണ്ടിവന്ന മണ്മറഞ്ഞുപോയതും ജീവിച്ചിരിക്കുന്നതുമായ നമ്മുടെ സഹോദരിമാർ ഇന്നും വെളിച്ചത്തേക്ക് വരാൻ മടിച്ചു നിൽക്കുന്നവർ ഉണ്ട്.അവർക്ക് വേണ്ടിയാണീ വാക്കുകള്‍.
സ്വന്തം മക്കളുടെ മാനവും ജീവനും തെരുവ് പട്ടികൾ് പിച്ചിച്ചീന്തി കുഴിമാടങ്ങളിലേക്കു താഴ്ത്തുന്നത് നിസ്സഹായാവസ്ഥയോടെ നോക്കിനിക്കേണ്ടി വന്ന മാതാപിതാക്കളെ
മാപ്പ് മാപ്പ് മാപ്പ്.
''''''''''''''''''''''''''''''''''''''''''''''''''''''' നിഫ്രു'''''''''''''''''''''''''''''''''''''''''''
( ഇത് എന്റെ മാത്രം കാഴ്ചപ്പാട് അല്ല
എന്നെ പോൽ ചിന്തിക്കുന്നവരുടെ പ്രതികരണങ്ങൾ കൂടിയാണ്)

അവരും മനുഷ്യരാണ്



അവരും മനുഷ്യരാണ് 

കഥ 




പെണ്ണിന്റെ മാനം കാക്കുന്നവനാണ് പുരുഷൻ
പെണ്ണിന്റെ മാനം കെടുത്തുന്നവൻ ശിഖണ്ടിയാണ് !
'എങ്ങിനെ പഞ്ച് ഡയലോഗ് അല്ലെ? ഇത് പൊളിക്കും ബ്രോ, വേഗം പോസ്ററ്
'
എന്റെ വാക്കുകള്‍ കേട്ടതും അവന്റെ മുഖംവാടി
അവൻ പൊടുന്നനെ ദേശ്യത്തിൽ മുഖം തിരിച്ചു,
കാര്യമറിയാതെ ബലമായി അവനെ തിരിച്ചു നിർത്തിയപ്പോൾ കണ്മഷിയെഴുതിയ കണ്ണുകൾ നിറഞ്ഞിരുന്നു. സ്വതസിദ്ധമായ സ്ത്രൈണ ഭാവത്തിൽ അവൻ ചുണ്ടുകൾ കോട്ടി പിണക്കം ഭാവിച്ചു
അപ്പോഴാണ് ഞാൻ പറഞ്ഞ മഹാ അപരാധത്തെ കുറിച്ച് ഞാൻ ഓർത്തത്, ദൈവമേ ഇവൻ ട്രാൻസ്ജെന്റ് ആണല്ലോ!
നരാധമന്മാർ ചെയ്ത അപരാധങ്ങൾക്കെല്ലാം
പുരുഷന്മാരെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തുന്ന
ഫെമിനിസ്ററുകളുടെ പഴി കേൾക്കുമ്പോൾ
എന്റെ മനസ്സെത്ര നൊന്തിരുന്നു. അപ്പോള്‍
വെറുക്കപ്പെടുന്നവരെ യെല്ലാം നമ്മള്‍ ശിഖണ്ടി എന്ന് വിളിച്ച് ആക്ഷേപിക്കുമ്പോൾ ഈ പാവങ്ങളുടെ മനസ്സ് എത്ര വേദനിച്ചിരിക്കും, ഏതോ പിശാചുക്കൾ ചെയ്ത ക്രൂരതക്ക് ഒന്നും അറിയാത്ത എന്റെ സുഹൃത്തടക്കമുള്ള പാവം ട്രാൻസ്ജെന്റുകൾ എന്തു പിഴച്ചു? എന്തിനും ഏതിനും ശിഖണ്ടികളെ അധിക്ഷേപിക്കുന്ന
എന്റെ വൃത്തികെട്ട പൊതുബോധത്തെ ഓർത്ത് എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി,
ഞാൻ അവനെ ചേർത്തു പിടിച്ചു
കണ്ണീർ തുടച്ചു..
'രമാ... സത്യായിട്ടും ഞാൻ ഓർത്തില്ലാ...'
'ഹേയ്, നീ വിശമിക്കേണ്ട ജനിച്ചനാളുമുതൽ ഞങ്ങളിത് എപ്പോഴും കേൾക്കുന്നതാ'
അവൻ ചിരിക്കാൻ ശ്രമിച്ചെങ്കിലും, കരിമഷി കലങ്ങിയ കണ്ണുകളിൽ ദുഖം ഘനീഭവിച്ചു കിടന്നു,
പാപഭാരം കൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞു...,
 ഇറുക്കി അടച്ച കണ്ണിൽ നിന്ന് രണ്ടു തുള്ളി പാപനീർ മോക്ഷം തേടി അവന്റെ കാൽ പാദത്തിൽ പതിഞ്ഞു.
----------------------------------
"ട്രാൻസ്ജെന്റ് "
 അവരും മനുഷ്യരാണ്' നമ്മുടെ സഹോദരങ്ങൾ.
നിഫ്രു (#നിഫ്രാജ്_മാങ്കാവ് )

വായന



വായന
-----------
ചില ജീവിതങ്ങൾ 
തുറന്ന പുസ്തകങ്ങളാണ്
ചിലത് അടഞ്ഞതും,
വായിക്കപെട്ട പുസ്തകങ്ങളേക്കാൾ
വായിക്കാതെ ചിതലരിച്ചു പോയവയാണ് മിക്കതും
ആശിച്ച പുസ്തകം കിട്ടിയില്ലെങ്കിലും
കിട്ടിയത് ആസ്വദിക്കുന്നവരാണ് നല്ല വായനക്കാർ
ഇന്ന് ഏറെ വായിക്കപ്പെടുന്നത്
പിച്ചിചീന്തിയ പുസ്തകങ്ങളെയാണ്
നിരക്ഷരർ കീറിപ്പറിച്ച താളുകളിലെ
മുറിവേറ്റ അക്ഷരങ്ങളെ...
-----------------
നിഫ്രു.


അഞ്ചു മൈനകൾ l തുടര്‍ക്കഥ l ചിരിക്കാന്‍ മാത്രം l നിഫ്രാജ് മാങ്കാവ്

😎😂 അഞ്ചു 😂 മൈനകൾ 😂

\"""""""""ചിരിക്കാന്‍ മാത്രം """""""""""/
ഭാഗം - 1


ദുഫായി!
കൈനോട്ടക്കാരിയുടെ വെറ്റിലചുവപ്പുള്ള ചുണ്ടിൽ നിന്നായിരുന്നു ആദ്യം ആ പേര് കേട്ടത് 
"അമ്മാ ഉങ്ക പുള്ള പടിച്ചു ദുഫായി പോയി പെരിയ രാസാവാകും"
ഉമ്മയുടെ വരണ്ട കണ്ണുകളിൽ ഏറെനാളിനു ശേഷം 100 വാട്ടിന്റെ ബൾബ് മിന്നി


"തന്നേ ?"


"ഊം!....ഉങ്ക പുള്ളക്കു ഇരുപതു വയസ്സാച്ചാ ദുഫായിക്കു കണ്ടിപ്പ പോകുവെ, ഉങ്ക കഷ്ട്ടപാട് എല്ലാമാ മാറുവെ"


ഉമ്മയുടെ മുഖത്തു സന്തോഷത്തിന്റെ തിരയിളക്കം, അടുത്തുനിന്ന അഞ്ചാം ക്ലാസ്‌കാരന്റെ നെറുകയിൽ ഉമ്മയുടെ ചുമ്പനങ്ങൾ പതിഞ്ഞു


"ബാക്കി അഞ്ചു റൂവാക്കു പുള്ളയുട കൈ കൂടെ നോക്കട്ടേ അമ്മാ ?"


ഉമ്മ തലയാട്ടി, ഞാന്‍ കൈ നീട്ടി കൊടുത്തു,


"അമ്മാ ഇവൻ ഇന്ത നാട്ടുക്കു രാജ ആയിടും’’


അഭിമാനത്തോടെ ഞാൻ ഉമ്മയെ നോക്കി, ഉമ്മയുടെ കൈവിരലുകൾ എന്റെന തലമുടിയിൽ സ്നേഹത്തോടെ തലോടി കൊണ്ടിരുന്നു.


“മൂണ്..ണാല്...അയ്‌ഞ്ച്! ഇന്ത ഉലകത്തിൽ ഇവനക്കാക അഞ്ചു മൈനകൾ പിറക്കുവേൻ"


‘'ഏ ???'’


"ഉങ്ക പുള്ള അഞ്ചു മംഗല്യം പണ്ണിടുവേൻ”


ഉമ്മാന്റെ പുരികം വില്ലു പോലെ വളഞ്ഞു “മങ്ങല്യമോ? ”


“ആമാ കല്യാണം കല്യാണം "


അഞ്ചു കല്യാണം !!! എന്റെ കണ്ണുകൾ ബിരിയാണി ചെമ്പിന്റെ വട്ടത്തില്‍ തള്ളി ! ട്രൗസർ കീശയിൽനിന്ന് ഞാൻ പോലും അറിയാതെ എന്റെ കുരുത്തംകെട്ട കൈ റേഷൻ വാങ്ങാൻ തന്ന അഞ്ചു രൂപാനോട്ടു എടുത്തു കുറത്തിയുടെ കയ്യില്‍ പിടിപ്പിച്ചു ഒറ്റ ചോദ്യമാ
"അഞ്ചിൽ അപ്പറത്തെ വീട്ടിലെ കുട്ടിമോള് ഉണ്ടോ കുറത്തിയമ്മേ?"
ഒരു കള്ളചിരിയോടെ കുറത്തിയമ്മ ഉറയ്ക്കേ സൊല്ലി


"നിജ്ജ മാ രാസ അന്ത മൈനാവും ഇറുക്ക്‌"


രൂപാ അഞ്ചും കൂടി കിട്ടിയ ആവേശത്തിൽ കുറത്തിയുടെ നിജ്ജമാ യുടെ ജാ വെറ്റിലയടക്കം ഉമ്മയുടെ മോന്തക്ക് തന്നെ പതിച്ചു !


"ഇനി അന്റെ വായി തുറന്നാ മണ്ണ് ഞാൻ വാരിടും, പൊയ്ക്കോണം ജ്ജി ഇബടന്നു"


അന്നെങ്ങിനെയാ ഉമ്മാന്റെ കയ്യില്‍ നിന്ന് തടി സലാമതാക്കിയതെന്നു ഇനിക്കും പടച്ചോനും മാത്രേ അറിയോള്ളൂ


"ദുഫായി ഷെയ്ക്ക്, മുളെന്നു പൊന്തീല്യ ഡാ അവിടെ നിക്കടാ ... കള്ളഹിമാറെ."


കുറത്തിയുടെ കയ്യില്‍ നിന്ന് അഞ്ചു ഉറുപ്പ്യ തട്ടിപറിച്ചു മണ്ണെണ്ണ തപ്പുമായി ഞാൻ റേഷൻ കടയിലേക്ക് ഓടിയ ഓട്ടം, ഒളിംപിക്സിലായിരുന്നെങ്കിൽ ഇന്ത്യക്കു അന്നേ ഒരു സ്വര്ണം കിട്ടിയേനെ, ഹാ യോഗമില്ലാതെ പോയീ
ഓട്ടത്തിനിടയില്‍ കണ്ടം ട്രൌസര്‍ ഊര്ന്നു് വീണു. പുതോം! മണ്ണെണ്ണ തപ്പും ഞാനും ദേ കിടക്കുന്നു. തിരിഞ്ഞു നോക്കുമ്പോ ഉമ്മ ശീമകൊന്ന പൊട്ടിക്കുന്നു (ചന്തിക്ക് പെടക്കാനുള്ള പുറപ്പാടാണല്ലോ ബദ്രീങ്ങളെ ) ഞമ്മള് വിടോ ട്രൌസറും വലിച്ചു പിടിച്ചു ഓടഡാ ഓട്ടം
ആ ഒരു ചോദ്യം കൊണ്ട് ഉമ്മാന്റെ ദുബായ് ബൾബ് ഫ്യൂസ്സായെങ്കിലും അന്ന് എന്റെ ഉള്ളിൽ ദുബായ് മോഹമായി മൊട്ടിട്ടിരുന്നു
അന്നത്തെ ഓട്ടം കണ്ട് കലിപ്പില്‍ നിന്ന ഉമ്മയും കുറത്തിയമ്മയും കുറെ ചിരിചിട്ടുണ്ടാകും

‘എന്താ അളിയാ ചിരികുന്നത് പെണ്ണിനോട് എന്ത് ചോദിക്കും എന്ന് ഓര്ത്തിതട്ടാണോ ?’ (കൂട്ടു കാരന്റെ ശബ്ദമാണല്ലോ ?)
ഞാന്‍ ഫ്ലാഷ്ബാക്കില്‍ നിന്ന് ഒരു വളിച്ച ചിരിയുമായി പുറത്തുചാടി

മുമ്പില്‍ ചായയുമായി ഒരുപെണ്കുട്ടി...?
പറഞ്ഞപോലെ, ഞാന്‍ പെണ്ണ് കാണാന്‍ വന്നതാണല്ലോ!!!
ചായ കപ്പു വാങ്ങുമ്പോള്‍ അവളൊന്നു ചിരിച്ചു, ഞാനും
നല്ല ബര്കതുള്ള മുഖം, ശ്ശൊ ഇത്രേം മൊഞ്ച് ഉണ്ടായിരുന്നേല്‍ വരണ്ടായിരുന്നു, പണ്ടാരം മൊഞ്ചുള്ള പെൺകുട്ട്യേളെ നോക്കി യതോണ്ടാ കല്യാണം ഇത്ര വൈകിയത് .ഒറ്റ എണ്ണത്തിനും ന്നെ പിടിക്കുന്നില്ല ..ഞമ്മള് പഴഞ്ചനാ ത്രേ,പോരാത്തെയന് ഞമ്മക്ക് പഠിപ്പും കുറവാ , കുറത്തിയുടെ നാവു പോന്നാകാൻ നേർന്ന നേർച്ചയൊക്കെ വെറുതെ ആയി, അഞ്ചു മൈന പോയിട്ട് ഒരെണ്ണം പോലും പറന്നു വന്നില്ല. ഇതും കൂടി നടന്നില്ലേൽ നാട് വിടേണ്ടി വരും


‘എന്നാപിന്നെ അവര് വല്ലോം സംസാരിക്കട്ടെ’-കുട്ടിന്റെ അമ്മാവന്‍


(എന്ത് പറയാൻ അയ്യേ ഇയാളെ ഇൻച് മാണ്ടാന്നു ഓള് പറീം ,അത് കേട്ട് ന്റെ ചങ്ക് ചങ്ങായിമാര് ഓളെ ഭാവി ഓർത്തു ഓളെ കേട്ടാന്നു ഏൽക്കും അതാണ് ഇത്രേം കാലം ഉണ്ടായത് )


'അളിയാ ചെല്ല് ഇപ്രാവശ്യം അന്നെ സഹായിക്കാൻ ഞാനുണ്ട് 'കൂട്ടുകാരന്‍ തോണ്ടി ( കേട്ടില്ലേ ദ്രോഹിന്റെ മനസ്സിലിരിപ്പ് )


ബദ്രീങ്ങളെ കാതോളീ...ഞാന്‍ കാറ്റുപോയ ബലൂൺ പോലെ അറയിലേക്ക് ചെന്നു
ഹൌ ഇവള് ബല്ലാത്ത ഹൂറിതന്നെ, കിട്ടാത്ത മുന്തിരി നോക്കി വെള്ളമിറക്കുന്നത് കണ്ട അവൾ പറഞ്ഞു


‘ഇരിക്കി’


ഓള് തുടക്കത്തിലേ ഞമ്മളെ ഒന്ന് ഇരുത്തയതാണോ ? ... ഏയ്
ഞമ്മളിരുന്നു, അങ്ങനെ വിടാം പറ്റൂലല്ലോ ആദ്യചോദ്യം ഞമ്മളുതന്നെ ചോയ്ച്ച്‌ '
‘ന്താ പേര് ?’
അവള്‍ നാണിക്കാതെ പറഞ്ഞു


‘കുട്ടിമോള്’


‘ങേ..?’ കുട്ടിമോളാ..? ഞാന്‍ ചാടി എണീറ്റു


‘ഇങ്ങള് സുല്ഫികക്കാഅല്ലേ? നിക്കറിയാം’


'എങ്ങനെ...? '


ഞാന്‍ ചെറുപ്പത്തില്‍ ഇങ്ങളെ വീടിന്റെി അടുത്തെയ്നും പിന്നെ ഞങ്ങള് വീടുമാറി കണ്ണൂർക്ക് പോയി .... ഉപ്പാക്ക് ദുബായീല്‍ ജോലികിട്ടിയപ്പോ ഞങ്ങളൊക്കെ ദുബായിലേക്ക്പോയി...ഇപ്പൊ ഉപ്പാക്ക് ഒരു പൂതി ഇവടതന്നെ വീടുവച്ചു ഇവിടുള്ള ഒരാളെകൊണ്ട് ന്നെ നിക്കാഹു കൈപ്പിക്കണംന്ന്..
അള്ളാ... ഇന്ക്കി വിസ്വാസം വരണില്ല്യ


‘ഇനിക്കും ‘


'ഇങ്ങക്ക് എന്നെ ഇഷ്ട്ടായോ ' ഇപ്പം ഓൾക്ക് കൊറച്ചു നാണം വരുന്നുണ്ട്


'പിന്നെ..? അന്നെ പണ്ടേ ഞമ്മക്ക് ഇഷ്ട്ടല്ലേ ' (ഞാന്‍ ഒരു കള്ളചിരിചിരിച്ചു )


'നിക്കറിയാ, പണ്ട് ഇങ്ങള് കുറത്തിയോടു ചോദിച്ച കഥപറഞ്ഞ് ചിരിക്കയ്നും ഇതുവരെ ഇവിടെ എല്ലാരും


‘ എല്ലാരും ? !!!‘


‘ഉം ...’


(ശോ നാണം കൊണ്ട് എന്റെ തുണി ഉരിഞ്ഞു പോയി )


‘കല്യാണം കയിഞ്ഞാല്‍ ഇങ്ങള് ദുഫായിക്ക് വരോ ‘


‘വരോന്നോ.........?! ‘


(പിന്നെ ബരാണ്ട് , ഹോ എന്റെ കുറത്തി തള്ളെ ഇങ്ങള് വേറെ ലവലാണ്‌ട്ടോ )


**************************


അങ്ങിനെ കുറത്തി പറഞ്ഞപോലെ ദുഫായിലെക്കുള്ള വിസ വൈകിയാണെങ്കിലും അന്ന് ഞാൻ ഉറപ്പിച്ചു, നിക്കാഹും കഴിഞ്ഞു എന്റെപ 'ആദ്യ ഭാര്യ'യുമായി ഞാൻ ദുഫായിലേക്ക് പറന്നു :p
#നിഫ്‌റാജ്_മാങ്കാവ് 








😎😂അഞ്ചു 😂 മൈനകൾ - 😂😎


\"""""""""ചിരിക്കാന്‍ മാത്രം """""""""""/
ഭാഗം - 2



കുറത്തി പറഞ്ഞപോലെ ഞാനും എന്‍റെ ‘ആദ്യ ഭാര്യ’ കുട്ടിമോളും ഒരുമിച്ച് ദുബായിലേക്കുള്ള ആദ്യ യാത്രയിലാണ്...

കരിപ്പൂരു വിമാനത്താവളവും കൊയിക്കോട്ടങ്ങാടിയും കടപ്പുറവും ചെറുതായി ചെറുതായി പോകുന്നത് വിമാനത്തിന്റെ ജനവാതിലിലൂടെ വല്ലാത്തൊരു അദൃപ്പത്തില്‍ നോക്കി ഇരിക്കുകയാണ് ഞാന്, വിമാനത്തിന്റെ വലിയ ചിറകിനരികിലാന് ഞമ്മളെ സീറ്റ്

കരിപ്പൂരില്‍ ആദ്യായിട്ട് വിമാനം വന്നപ്പോ കാണാന്‍ അയല്‍വാസികളെല്ലാരും കൂടി ടെമ്പോ വിളിച്ചു പോയിരുന്നു, അന്ന് വിമാനത്താവളത്തിന്‍റെ അതിരില്‍ വെച്ച വലിയ കമ്പി വേലിക്ക് ഉള്ളിലൂടെ കണ്ണ് നിറയെ കണ്ടതാണ് വിമാനത്തെ, വല്യ ചിറകുള്ള പരുന്തിനെ പോലെ അത് വിമാനതാവളത്തില് ചിറകു വിരിച്ചു കിടന്നത് ഇപ്പോളും ന്‍റെ കണ്ണിലുണ്ട്
വിമാനത്താവളം കുന്നിനു മോളിലായതോണ്ട് ഭയങ്കര ചൂട് ആയിരുന്നു, പത്തുര്‍പ്പ്യ കൊടുത്താല് എയര്‍പോര്‍ട്ടിന്‍റെ ഉള്ളില്‍ കേറി കൊറച്ചും കൂടി അടുത്ത്ന്ന് എ സി യുടെ കാറ്റും കൊണ്ട് വിമാനം കാണേയ്നും, പക്ഷേങ്കി പിന്നെ ജമീലാക്ക് മുട്ടായി വാങ്ങി കൊടുക്കാന്‍ കയ്യൂലാ, അതോണ്ട് അതോണ്ട് മാത്രം കമ്പിവേലിക്കരികില്‍ നിന്ന് വിമാനം നോക്കി ഞമ്മള് വെള്ളമിറക്കി.
‘ശുക്കൂറെ നീ പോരണില്ല്യേ, എല്ലാരും പോയി എന്താപ്പം ഇത്ര കാണാന്?’

ജമീല !!!

(ജമീല, ഞമ്മളെ നാട്ടുകാരിയും കളികൂട്ടുകാരിയും ആണ്, കുട്ടിമോളെ കുടുമ്പം നാടുവിട്ടതോടെ തകര്‍ന്നുപോയ ഞമ്മളെ വീണ്ടും മരംചുറ്റാന്‍ ഓര്‍മിപ്പിച്ച മൊഞ്ചത്തി ! )
‘നേരത്തെ പോകാത്തതോണ്ട് അന്നെ ഞമ്മക്ക് ഒറ്റയ്ക്ക് കാണാനായില്ലേ, ന്‍റെ മൊഞ്ചത്ത്യെ?’

അവള്‍ നാണം കുണുങ്ങി

(കണ്ടീലെ ഇത്ര ചെറുപ്പത്തിലേ ഓള്‍ക്ക് ഇന്നോടുള്ള മുഹബ്ബത്ത്, )

തിരിഞ്ഞു നടക്കുമ്പോ നാട്ടില്‍ നാലുര്‍പ്പ്യക്ക്‌ കിട്ടുന്ന ചോക്ലേറ്റു അവുടുന്നു പത്തുര്‍പ്പ്യ കൊടുത്ത് വാങ്ങി ഓള്‍ക്ക് കൊടുത്തു, അയ്മ്പീസന്‍റെ അരുള്‍ജ്യോതിയും പുളിയച്ചാറുമല്ലാണ്ട് ചോക്ലേറ്റ് എന്ന ഈ സാധനം ഇന്ന് വരെ ഞമ്മക്ക് വായില്‍ വെക്കാന്‍ കിട്ടീട്ടില്ല്യാ

‘ഇയ്യ് ചായ കുടിച്ചോ ?’

‘ഇല്ല്യ ..’

‘നിനക്കൊരു സുലൈമാനി വാങ്ങിതരണംന്നു ഉണ്ടേയ്നും... പക്ഷെ പൈസ എടുക്കാന്‍ മറന്നു ....'

(പിന്നേ, ഇന്നുവരെ ഒരു പുളിയച്ചാറുപോലും വാങ്ങിതരാതോളാ സുലൈമാനി വാങ്ങിതരുന്നത്)

'ഇത് നിനക്ക് വേണ്ടല്ലോ ?

‘ഉ ഉം’ ഞമ്മള് മാണ്ടാന്നു വെറുതെ പറഞ്ഞതും ആ നൊണചിപാറു അതപ്പാട് മുണുങ്ങിയതും ഒരുമിച്ച്!

‘ഞാനോര് കാര്യം ചോയിചാ നീ സത്യം പറയോ ?’

‘എന്തെയ്നു ?’

‘നിനക്ക് ഇപ്പളും കുട്ടിമോളെ ഇഷ്ട്ടാണോ ?’

‘ഉം...ഇഷ്ട്ടാണ് പക്ഷേങ്കി.. ഓള് ഞമ്മളെ വിട്ടു പോയീലെ ?’

‘വേറൊരു കാര്യം ചോയ്കട്ടെ ... നിനക്ക് ദുബായി പോവാന്‍ ഭയങ്കര പൂത്യാല്ലേ ?

‘ആ...അനക്ക് അതെങ്ങിനെ അറിയാം ’

‘ഇനിക്ക് മാത്രല്ല നാട്ടില് എല്ലാര്‍ക്കും അറിയാം ... പിന്നെ, എനിക്കും ഒരു പൂതീണ്ട് ‘

‘ഇന്റെ കൂടെ വിമാനത്തില്‍ ദുഫായിക്ക് പോരാനാണോ ?’

‘ദുബായിക്ക് പോവുന്ന ആ വിമാനത്തില് എനിക്ക് ഇന്ന് തരാന്‍ കഴിയാത്ത ചായ നിനക്ക് അന്ന് ഞാന്‍ കാച്ചി തരും’

‘ഹൌ ന്റെ ജമീല അന്റെ ഒരു പൂതി, വിമാ നത്തില് അന്റെ മുഹബ്ബതിന്റെ സുലൈമാനി‘

ഓള് ചിരിച്ചു ഞാനും
ഞമ്മള് രണ്ടാളും ടെമ്പോ വാനിന്റെ രണ്ടു തലക്കല്‍ ഇരുന്നു ആ കിനാവും കണ്ടിട്ടാണ് അന്ന് നാട്ടിലെത്തിയത്
അതില്‍ പിന്നെ ഞമ്മക്ക് ദുബായീല് പോവാനുള്ള വിമാനം ദെവസോം തലക്കു മോളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോവാന്‍ തുടങ്ങി, ഇന്‍റെ ചെങ്ങായിമാര് ഓരോരുത്തരായി അക്കരെ കടന്നു, കുറത്തിയമ്മയുടെ വാക്കും പയേ ചാക്കും ഉമ്മ ഇടക്ക് ആരോടെന്നില്ലാതെ പറയും.
മൂര്യാട്ടു മരക്കമ്പനിയിലെ തോല് പൊളിച്ചു വിറ്റും, വല്യങ്ങാടീല് അരിചാക്ക് കേറ്റിയും ഉമ്മാന്റെ കയ്യില് പൈസ കൊടുക്കുമ്പോ ഞാന്‍ പറയും ‘മ്മാ കൊറച്ചു പൈസ കുറ്റിയില് ഇടണേ, ആരെങ്കിലും വിസ കൊണ്ടെന്നാ കായില്ലാണ്ടെ ആവരുതല്ലോ ’
അത് കേള്ക്കു മ്പോ ഉമ്മാന്‍റെ കണ്ണ് നിറയും

‘ന്‍റെ മോന് വെഷമിക്കണ്ട, അന്നേ ദുഫായീല് പടച്ചോന്‍ കൊണ്ടോവും‘
ജമീല പത്താം ക്ലാസ് തോറ്റശേഷം ടൂഷന്ക്ലാസ്സില്‍ പോവാന്‍ തുടങ്ങി ഓള്‍ക്ക് അവിടുത്തെ മാഷുമായി ഇഷ്ട്ടമാണെന്ന്ചങ്ങായി സത്താറ് പറഞ്ഞപ്പോ എന്‍റെ ഉള്ളൊന്നു കിടുങ്ങി, ആ കിടുങ്ങലില്‍ ഉള്ളില്‍ നിന്ന് രണ്ടാമത്തെ മൈനയും ചിറകടിച്ചു പറക്കുന്നത് കണ്ടു എനിക്ക് സഹിക്കാന്‍ ആയില്ല, ആ കോന്തന്‍ മാഷിന്‍റെ പഞ്ചാരയില്‍ മണ്ണിട്ട്‌ മൂടാന്‍ വേണ്ടി ഞാനും അതേ ക്ലാസ്സില്‍ ചേര്‍ന്നു .
രാവിലെ എട്ടര മണിക്ക് ക്ലാസ്സ് കഴിയും പിന്നെ എനിക്കെന്‍റെ പണിക്കും പോകാം. കേട്ടപ്പോ ഉമ്മക്കും സന്തോഷായി
ഞാന്‍ ക്ലാസ്സില്‍ ചേര്‍ന്നതോടെ ജമീലക്ക് ആകെ കണ്ഫൂസനായി മാഷേ നോക്കണോ അതോ ഇന്നേ നോക്കണോ .മാഷിന്‍റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്, കാണാന്‍ മൊഞ്ച്ലുണ്ടെങ്കിലും ഇത്രയും ബോറന്‍ ക്ലാസ് ഞാന്‍ കേട്ടിട്ടില്ല (അതിനു നീ ക്ലാസ്സില്‍ ഇരുന്നിട്ട് വേണ്ടേ എന്ന് ചെങ്ങായിമാര് പറയും അത് കാര്യാക്കണ്ട) മൂപ്പര് ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നതെങ്കില്‍ അത് വിശദീകരിച്ചു വിശദീകരിച്ചു അതിനെ അങ്ങ് കൊന്നു കളയും. മുപ്പതു കുട്ടികളുള്ള ക്ലാസ്സില്‍ മാഷ്‌ ക്ലാസ് എടുത്തിരുന്നത് ജമീലക്ക് വേണ്ടി മാത്രമായിരുന്നു. മൂപ്പര് ക്ലാസ്സെടുക്കുമ്പോള്‍ ക്ലാസ്സില്‍ ജമീല മാത്രമേ ഉള്ളൂ എന്ന് തോന്നിപോകും അജ്ജാതി കോന്തന്‍
അന്നും മാഷ്‌ ഞങ്ങളെയൊക്കെ കാഴ്ചക്കാരാക്കി ജമീലയുടെ വായിലെ പല്ലിന് ക്ലാസ്സ് എടുക്കുകയാണ് .
“അതൊരു നാളികേരം ആയിരുന്നു, അഥവാ അതൊരു തേങ്ങയായിരുന്നു, അതുമല്ലെങ്കില്‍ അതൊരു നാരിയല്‍ ആയിരുന്നു, അതുമല്ലങ്കില്‍ അതൊരു കോകനട്ട് ആയിരുന്നു, അതുമല്ലെങ്കില്‍....’

'തേങ്ങാ കൊല !' സത്താര്‍ പിറുപിറുത്തു
അതുവരെ ജമീലയുടെ വായിലുണ്ടായിരുന്ന കണ്ണുകള്‍ ബാക്ക് ബെഞ്ചുകാരെ രൂക്ഷമായി ഒന്ന് നോക്കി
'അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ഒരു നാളികേരത്തെ കുറിച്ചായിരുന്നു, അഥവാ .....' മൂപ്പര് വീണ്ടും തേങ്ങാ വധം തുടരുന്നത്തിനിടയില്‍ ഒരു പാട്ട് ഒഴുകി വന്നു
'നാളി കേരത്തിന്റെ നാട്ടില്‍ എനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്...’
അതുവരെ ഉറക്കം തൂങ്ങിയ ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി

‘ആരാണത് ??? !’

ആരും മിണ്ടുന്നില്ല

‘ആരാണ് പാടിയതെന്നാണ് ചോദിച്ചത് ?’

ആരും മിണ്ടിയില്ല പക്ഷെ എല്ലാരും ഞമ്മളെ മോന്തയിലേക്കാണല്ലോ നോക്കുന്നത്
‘പടച്ചോനെ ഞാനോ ? അറിയാതെ ഞാനെന്‍റെ വായ പൊത്തി’

പാവം ഞാന്‍ ക്ലാസ്സ് സഹിക്കാന്‍ പറ്റാതെ പാടിപോയതാവും,

‘ഡാ ഇവിടെ വാടാ’

ഞാനെന്റെ നാവിനെ പിരാകികൊണ്ട് സാറിന്റെ അരികിലെത്തി

‘നീ ക്ലാസ്സില്‍ പാടാനാണോ വരുന്നത് അതോ പഠിക്കാനോ ?’

‘സാറേ ഞാന്‍ പഠിക്കാന്‍ തന്നാ വരുന്നത്, പക്ഷെ ഇങ്ങള് പഠിപ്പിക്കുന്നത്‌ ജമീലാനെ മാത്രല്ലേ ?’

കുട്ടികള്‍ അന്തം വിട്ടു ഈര്ക്കിലി പോലുള്ള എന്‍റെ ധൈര്യം കണ്ടു ഓര്‍ക്ക്‌ഒക്കെ അസൂയ ആയിട്ടുണ്ടാകും, ബാക്ക് ബഞ്ചില്‍ ഉണ്ടായിരുന്ന എന്‍റെ സഹബെഞ്ചന്മാര്‍ കയ്യടിച്ചും ഡസ്ക്കില്‍ തട്ടിയും ശബ്ദമുണ്ടാക്കി
‘ടപ്പേ...!!!’

വലതു കവിളത്താണ് സാറിന്റെ കയ്യ് പതിഞ്ഞതെങ്കിലും ഇടതു ഭാഗത്തുടെയാണ് പൊന്നീച്ച ആദ്യംപറന്നത്
ഒരു നിമിഷം ക്ലാസ്സ്‌ നിശബ്ദമായി
പകയും ക്രോധവും കൊണ്ട് കത്തിയാളിയ എന്റെ കണ്ണില്‍ നിന്ന് തിളക്കുന്ന ജലം കവിളില്‍ പതിഞ്ഞ വിരല്‍ പാടിലൂടെ ഒഴുകി വീണു

‘എന്താടാ നിനക്ക് എന്നെ തല്ലണോ ?’

ഞാന്‍ ബാക്ക് ബഞ്ചിലേക്ക് നോക്കി ഇല്ല ഒരുത്തനും എനിക്ക് കൂട്ടിനില്ല എല്ലാരും കാഴ്ചക്കാര്‍

‘തല്ലാനും കൊല്ലാനും ഇങ്ങളെ പോലെ ഞാന്‍ റൌഡി അല്ലാ’

‘ഓന്‍ ഗാന്ധിജിയാ ഗാന്ധിജി’ – ബാക്ക് ബഞ്ചില്‍ നിന്ന് സത്താര്‍
ക്ലാസ്സില്‍ വീണ്ടും കൂട്ടച്ചിരി മുഴങ്ങി

‘ആണോടാ ..നീ ഒരു കവിളില്‍ അടികൊണ്ടാ മറ്റേ കവിള്‍ കാണിച്ചു കൊടുക്കുമോ’

കോന്തന്‍ മാഷ്‌നു എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട്

ഞാന്‍ വലതു ഭാഗതിരുന്ന സത്താറിനെ ദയനീയമായി നോക്കുമ്പോള്‍ ഇടതു കവിള്‍ മാഷിനു തല്ലാന്‍ പാകത്തില്‍ വിശാലമായി കിടന്നിരുന്നു

പ്ട്ടേ...!!!

അടുത്ത വെടിയും പൊട്ടി

അടികൊണ്ടു ടാബിളിലേക്ക് ഞാന്‍ വേചുവീഴുമ്പോള്‍ ജമീലയുടെ കരഞ്ഞു കലങ്ങിയ മുഖം എന്നെ കൂടുതല്‍ തളര്‍ത്തി
ക്ലാസ് പള്ളിക്കാട് പോലെ ഒച്ചയില്ലാണ്ടായി,

‘സാറേ സാറ് അവനെ പിന്നേം അടിച്ചത് വളരെ മോശായിപോയി’

സത്താറ് വിഷമത്തോടെ പറഞ്ഞു
പാവം ചങ്ക് അവനും വിഷമമായിട്ടുണ്ടാകും
ടാബിളില്‍ കിടന്ന ഡസ്റ്റര്‍ എടുത്തു ഞാന്‍ പെട്ടെന്ന് കണ്ണീര്‍ തുടച്ചു
ക്ലാസ്സില്‍ കൊണ്ടുപോയിരുന്ന ആകെയുള്ള നോട്ടു പുസ്തകം പിറകില്‍ തിരുകി ക്ലാസ്സിനു അഭിമുഖമായി നിന്ന് ഞാന്‍ യാത്ര പറഞ്ഞു

‘അപ്പൊ എല്ലാരോടും...’

‘ഡാ മോന്തയിലെ ചോക്കുപൊടി തുടച്ചിട്ടു പോടാ ഗാന്ധി ‘

അത് ആ പഹയനാ സത്താറ് ,

ക്ലാസ്സില്‍ വീണ്ടും ചിരി, പ്ലിങ്ങിയത്തിനു പുറമേ വീണ്ടും പ്ലിങ്ങി ഞാന്‍ ടൂഷന്‍ ക്ലാസ്സിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു
ഡാ ചതിയാ അനക്കു ഞാന്‍ വെച്ചിട്ടുണ്ട്


സത്താറി നെ പിന്നെ ഞാന്‍ കാണുന്നത് കുറെ കൊല്ലം കഴിഞ്ഞു അത്തറുമായാണ്
ഓന്‍ ഗള്ഫി്ല്‍ നിന്ന് കൊണ്ട് വന്ന അത്തറ് തരുമ്പോ ഇന്നോട് പറഞ്ഞു

'അടുത്തമാസം എന്റെ കല്യാണമാണ് ഇയ്യ്‌ വരണം, കുട്ടിനെ നിനക്കറിയും, ജമീല!'

അവനൊരു കള്ളചിരി ചിരിച്ചു
ദുഫായീന്ന് കൊണ്ട് വന്ന അത്തറിന്‍റെ മുമ്പില്‍ ഓനോടുള്ള എന്‍റെ എല്ലാ ദേഷ്യവും ഇല്ലാണ്ടായിരുന്നു, ഇനീം ജമീലാന്റെ മുന്നില്‍ പ്ലിങ്ങാനുള്ള കെല്പ്പുട ഇല്ലാത്തതിനാല്‍ ഞാന്‍ ഒലെ കല്യാണത്തിനു പോയീല ....
കുട്ടിമോളുടെ നല്ലൊരു നുള്ള്കിട്ടിയപ്പോഴാണ് ഓര്‍മയില്‍ നിന്ന് ഉണര്‍ന്നത്, പുറത്ത് വെളുത്ത മേഘങ്ങള്‍ അല്ലാതെ മറ്റൊന്നും കാണുന്നില്ല,

‘എത്ര നേരായി വിളിക്കുന്നു, ഇങ്ങക്ക് ചായ വേണമെങ്കില്‍ ചോദിച്ചു വാങ്ങിക്കോ...ഞാനൊന്ന് വാഷ്‌ ചെയ്തു വരാം’

‘അപ്പൊ നിനക്ക് വേണ്ടേ ?’

‘ഞാന്‍ കുടിച്ചു, ആ പെണ്ണ് കുറെ നേരം നിങ്ങളോട് ചോദിച്ചു, ഞാനും വിളിച്ചു നിങ്ങള് കേള്‍ക്കണ്ടേ'

അവള്‍ വാഷ് ചെയ്യാന്‍ പോയി ...
വിമാനത്തിലെ ഹൂറി തൊട്ടുമുമ്പിലുള്ള സീറ്റിനടുത്ത്‌ തന്നെയുണ്ട്

‘എസ്ക്യൂസ്മി ഞമ്മക്കൊരു ചായ’
ഹൂറി തിരിഞ്ഞു ഞമ്മളെ നോക്കി ഒന്ന് ചിരിച്ചു, അവൂ... പതിനാലാം രാവ് പൂത്ത ചിരി
അവളുടെ അരികിലുള്ള ചെറിയ ട്രോളി ഞങ്ങളുടെ സീറ്റിനടുത്ത്‌ വച്ച് കുട്ടിമോള്‍ ഇരുന്ന സീറ്റില്‍ അവള്‍ ഇരുന്നു

'കാന്‍ ഐ സര്‍വ്വ് യു സര്‍'

ഓള് പറഞ്ഞത് എനിക്ക് മനസ്സിലായില്ലെങ്കിലും ഞാന്‍ ഓളെ വായും പൊളിച്ചു നോക്കുക ആയിരുന്നു, നല്ല പരിചയള്ള മുഖം, ഏതോ സിനിമയില്‍ കണ്ടപോലെ, അവള്‍ മറ്റുള്ളവര്‍ക്ക് കപ്പും പഞ്ചസാര പാക്കറ്റുകള്‍ നല്‍കിയപ്പോള്‍ എനിക്ക് മാത്രം അരുമയോടെ അതെല്ലാം പൊളിച്ചു കപ്പില്‍ ചായ ഒഴിച്ച് പൊടിഇളക്കി
ഞമ്മള് അന്തംവിട്ട് കുത്തിരിക്കുനത് കണ്ടിട്ടാവണം ഓള് പിന്നേം പതിനാലാം രാവിന്റെ ചിരി ചിരിച്ചു

‘ഞാന്‍ ജമീലയാണ് ഇത്ര പെട്ടെന്ന് എന്നെ മറന്നോ ?’

‘ഞാന്‍ എന്തോ പെട്ടെന്ന് കൈരണ്ടും രണ്ടു കവിളിലും വച്ചു‘

‘ഈ ചായകുടിക്കു... ‘

ഞാന്‍ ചായ വാങ്ങി

സത്താറ്..?

'ഞാന്‍ എയര്‍ ഹോസ്റ്റസാകുന്നത് ഇഷ്ട്ടമല്ലായിരുന്നു... പിണങ്ങി പോയി.. ദുബായിലുണ്ട് അത്തറ് കട നടത്തുന്നു ..'

അവള്‍ എന്റെ വിരലുകളില്‍ പിടിച്ചു എന്റെ കണ്ണുകളിലേക്കു നോക്കി ആ കണ്ണുകളില്‍ പഴയജമീലയുടെ ഇഷ്കിന്റെ തിരിനാളം തെളിഞ്ഞു

‘ദുബായീല്‍ എത്തിയാ ഞാന്‍ സത്താറ്നെ കാണാം, ജമീല വിഷമിക്കേണ്ട ഒക്കെ ശരിയാകും’

ചായകപ്പിൽ നിന്ന് ഉയരുന്ന ആവിക്കപ്പോ തലച്ചോറിനവ്ത്ത് മത്ത് പിടിപ്പിക്ക്ണ ചൂര്

'ജമീലാ ഈ സുലൈമാനിയില്‍ നിന്റെ മുഹബത്തു ണ്ടോ '

'മുഹബ്ബത്തല്ലാ ഈ വിമാനത്തില്‍ ഇങ്ങളെ മയ്യത്തെടുക്കും ഞാന്‍ !!!!!'

പടച്ചോനെ കുട്ടിമോള്‍ .........!!!!!
(സുല്‍ഫിയുടെ ജീവന്‍ ബാകിയുണ്ടേല്‍ ...തുടരും )
#നിഫ്‌റാജ്_മാങ്കാവ്



😎😂അഞ്ചു 😂 മൈനകൾ - 😂😎


\"""""""""ചിരിക്കാന്‍ മാത്രം """""""""""/
ഭാഗം - 3
(അവസാന ഭാഗം)

'ജമീലാ ഈ സുലൈമാനിയില്‍ നിന്‍റെ മുഹബത്തു ണ്ടോ '

ജമീലാക്ക് നാണം ..
'മുഹബ്ബത്തല്ലാ ഈ വിമാനത്തില്‍ ഇങ്ങളെ മയ്യത്തെടുക്കും ഞാന്‍ !!!!!' 😡
പടച്ചോനെ കുട്ടിമോള്‍ .........!!!!!

😱 😱 😱 😱 😱 😱 😱




പുറത്തേക്കു ചാടി രക്ഷപ്പെടാന്‍ ഈ ജനവാതിലിന് ആണെങ്കില്‍ കുറ്റിയും കൊളുത്തും കാണുന്നില്ല്യാ!
ഇനി രക്ഷയില്ല സുൽപീ
‘കുട്ടിമോളെ ഞാനൊരു തമാശക്ക് ’
‘ഹും’
ഓള് ആവി പറക്കുന്ന ചായ എന്‍റെ കയ്യില്‍ നിന്ന് പറിച്ചെടുത്തു
അപകടം മുന്നില്‍ കണ്ട ജമീല സീറ്റില്‍ നിന്ന് ചാടി എണീറ്റതും മുങ്ങിയതും പെട്ടെന്ന്.
കുട്ടിമോള് പല്ല് കടിക്കണ്, മുഷ്ട്ടി ചുരുട്ടണ്, പേശികളാകെ വലിഞ്ഞു മുറകണ്
‘ഓളെ മുഹബതിന്‍റെ സുലൈമാനി ഇങ്ങള് അങ്ങനെ കുടിക്കണ്ടാ’
എന്നെ ദഹിപ്പിക്കുന്ന ഒരുനോട്ടം നോക്കി , പത പതക്ക്ണ ചായ ഒറ്റവലിക്ക് ഓളെ അണ്ണാക്കിലേക്ക് ഒഴിച്ചു !
വേണ്ടാന്നും പറഞ്ഞു ഞാന്‍ കയ്യ് ഉയര്‍ത്തും പോയേക്കും സംഗതി കമഴ്ത്തി കയിഞ്ഞിരുന്നു. കരിമീനിന്‍റെ ചേലുള്ള ഓളെ കണ്ണ് കരിഞ്ചാത്തന്റെ കണ്ണുപോലെ പുറത്തേക്കു തള്ളി, കണ്ണിലൂടെയും വായിലൂടെയും ചെവിയിലൂടെയും സമാവറില്‍ നിന്ന് ആവി പോകും പോലെ പുറത്തേക്കു പുക പോകുന്നു. ഓള് നാവ് മുഴുവന്‍ പുറത്തിട്ടു ഇപ്പോ കണ്ടാ നാഗവള്ളി പോലും പേടിച്ചോടും
പേടിച്ചിട്ടാണോന്ന് അറ്യൂല,എനിക്കപ്പം മൂത്രം പാത്തി പോവോന്ന് തോന്നി
പുറത്തിട്ട നാവ് തണുക്കാന്‍ അവള്‍ കൈ രണ്ടും വിശറിപോലെ വീശാന്‍ തുടങ്ങി
‘ഇയ്യ്‌ എന്താ ഈ കാട്ടിയത്, ആ ചായ എന്‍റെ മേല് ചിന്തിയാ ഇനിക്ക് ഇത്ര വിഷമം ഉണ്ടാവൂലേനും’
കിട്ടിയ ചാന്സിന് ഞാനൊരു സോപ്പ് പതപ്പിച്ചു,
അപ്പോള്‍ ഉള്ള ഓളെ നോട്ടം കണ്ടാല്‍ ഇങ്ങള് നാലുവട്ടം വിമാനത്തില്‍ നിന്ന് ചാടി ചത്തേനെ, ഓളെ കണ്ണിലെ തീയ്യ് കൊണ്ട് സമാവറില് വീണ ഇച്ചയെ പോലെ ഞാന്‍ സീറ്റില്‍ ഉരുകി ഒലിച്ചു ചുരുണ്ട്കൂടി വീണു...
**** ***** ****
ദുഫായീല് എത്തി
ഒരുമാസം എസി യില്ലാത്ത ഹാളിലെ സോഫയില്‍ മൂട്ടയുടെ കടിയും കൊണ്ട് ഒറ്റക്ക്കിടന്നു ഞാന്‍. സാരല്ല്യ പാവം എന്‍റെ കുട്ടിമോള് ഒറ്റക്ക് എ. സി. റൂമില്‍ മൂടിപുതച്ചു കിടക്കുന്നതോര്‍ക്കുമ്പോളായിരുന്നു എനിക്ക് കൂടുതല്‍ സങ്കടം. ആ സങ്കടം കൊണ്ട് ഒരു ദിവസം പോലും എനിക്ക് ശരിക്കും ഉറങ്ങാന്‍ പറ്റീല, പഠിച്ച എല്ലാ വേലയും ഇറക്കി നോക്കി, കുട്ടിമോള്‍ അടുക്കുന്ന ലക്ഷണമില്ല,
അന്തി പട്ടിണി ! പട്ടിണി എന്ന് വെച്ചാ മുഴു പട്ടിണി.
പകല് ഓഫീസില്‍ ഇരുന്നു ഞാന്‍ ഉറക്കം തൂങ്ങുന്നത് കണ്ടു മറ്റുള്ളവര്‍ അമര്‍ത്തി ചിരിച്ചു. എന്‍റെ മുമ്പില്‍ ഇരിക്കുന്ന ഫിലിപ്പൈനി സുന്ദരിയാണ് ആദ്യമായി എന്‍റെ കൂര്‍ക്കംവലി മനോഹരമാണെന്ന് പറഞ്ഞത്
‘കുയ്യാ, യുവര്‍ സ്ലീപ്‌ സൌണ്ട് സോ നൈസ് ?’
കുയ്യാ (സഹോദരാ) വിളി ഞമ്മക്ക് അത്ര പിടിചിട്ടില്ലെങ്കിലും, എന്‍റെ കൂര്‍ക്കം വലിപോലും ആസ്വദിക്കുന്ന അവളിലെ കാമുകിയെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.
പിന്നെ പിന്നെ കൂര്‍ക്കം വലി അങ്ങട്ട് ഹിറ്റായി , ന്നുട്ടും ഇനിക്കതിന്‍റെ അഹങ്കാരം ഒന്നും ഇല്ലേയ്നും ട്ടോ
ഒരു ദിവസം എം ഡി എന്നെ കാബിനിലേക്ക്‌ വിളിപ്പിച്ചു
‘സുല്‍ഫി...നിങ്ങളുടെ ഫാദര്‍ഇന്‍ലോയെ ഓര്‍ത്ത് മാത്രമാണ് കമ്പനി നിങ്ങള്‍ക്കെതിരെ ഇപ്പോള്‍ ആക്ഷന്‍ എടുക്കാത്തത്, നോക്കൂ നിങ്ങളെ പോലെ വിവാഹം കഴിഞ്ഞവരാണ് ഞങ്ങളൊക്കെ എന്നിട്ട് ഞങ്ങളാരെങ്കിലും ഇവിടെ ഇരുന്നു ഉറങ്ങുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?’
യെന്ത ഞാനിപ്പോ ഇയാളോട് പറയാ, ഞമ്മളെ സ്ഥിതി അറിഞ്ഞാ ഇയാള് ഇവിടെ കിടന്നു തലതല്ലി ചാവും അതോണ്ട് ഒരു ഇളിഞ്ഞ ചിരിപാസാക്കി ഞാന്‍ പറഞ്ഞു

‘അത് പിന്നെ സാര്‍ ഇതെന്‍റെ ആദ്യത്തെ കല്യാണമല്ലേ അതിന്‍റെ ഒരു ...’

‘വാട്ട്‌....?’

‘അ അങ്ങിനെ അല്ല, ആദ്യത്തെ മാസം അല്ലെ ഇവിടത്തെ കാലാവസ്ഥ ഒക്കെ ഒന്ന് ശരിയാവണ്ടേ ....’

‘ഉം..ഞാനേതായാലും ഹാജിയെ ഒന്ന് വിളിക്കുന്നുണ്ട്’




അന്നുരാത്രി കുട്ടിമോളെ ഉപ്പ വന്നു, നെയ്ച്ചോറും കോയിക്കറീം കൈച്ച് ഏമ്പക്കം വിട്ട ശേഷമായിരുന്നു മൂപ്പര് കാര്യത്തിലേക്ക് കടന്നത്‌

‘സുല്‍പ്പ്യെ അന്‍റെ മോയിലാളി ഇന്ന് ന്നെ വിളിചീനും,’

ഞാന്‍ ദയനീയമായി ഉപ്പാനെ നോക്കി

‘അന്നേ കുറിച്ച് ഓനിക്ക് നല്ല മതിപ്പാണല്ലോ’

ആണോ എപ്പാ? ഞാന്‍ ചോദിച്ചില്ല
‘നീ ഭയങ്കര ഹാര്‍ഡ് വര്‍ക്ക് ആണെന്ന് പറഞ്ഞു, ഓഫീസില്‍ നീ ക്ഷീണിച്ചു ഉറങ്ങി പോയെന്നു കേട്ടു ‘

ഉപ്പ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി
ഞാന്‍ വെറുതെ നാണം ഭാവിച്ചു തലതാഴ്ത്തി ഒളികണ്ണാല്‍ കുട്ടിമോളെ നോക്കി,
ഹമ്പടി കള്ളീ അവള്ക്കും ഒടുക്കത്തെ നാണം
‘നീ ഏതായാലും രണ്ടീസം റസ്റ്റ്‌ എടുത്തിട്ട് ജോലിക്ക് കേറിയാല്‍ മതി.. ഞാന്‍ എം ഡി യോട് പറഞ്ഞിട്ടുണ്ട്’

‘ഇങ്ങള് കുട്ട്യേളെ ഇങ്ങനെ കളിയാക്കണ്ടട്ടോ’ ഓളെ ഉമ്മ ഉപ്പാക്കൊരു നുള്ള് കൊടുത്തു

‘കളിയാക്ക്യതല്ല ഞാന്‍ ഉള്ളത് പറഞ്ഞതാ ..മോളെ, ഓന് അവിടെ നല്ല പണിയുള്ളതാ അവിടെ കിടന്നു ഉറങ്ങ്യാ പിന്നെ അറിയാലോ ഉള്ള പണി പോവും, ആ ‘

കുട്ടിമോള് വല്ലാത്തൊരു നാണത്തോടെ കിച്ചണിലേക്ക് മുങ്ങി
അന്ന് അത്തറ് മണക്കുന്ന ബെഡ്ഡില്‍ എ സി യുടെ തണുപ്പില്‍ ഒരു കമ്പിളി പുതപ്പിനുള്ളില്‍ കിടക്കുമ്പോ കുട്ടിമോള് ഇന്നോട് ചോദിച്ചു
‘ഇത്രീം ദിവസ്സം ഇങ്ങള് രാത്രി ഉറങ്ങിട്ടില്ല്യെനും ?’

‘എങ്ങനാ ഉറങ്ങാ..അന്നെ ഒറ്റയ്ക്ക് കിടത്ത്യാ എനിക്ക് ഉറക്കം വരോ’
‘ഇന്നോട് പിണക്കമുണ്ടോ ?’

‘അന്നോട്‌ ഞാനെന്തിനാ പിണങ്ങുന്നത്, തമാശക്കാനെങ്കിലും ഞാനങ്ങനെ പറയരുതയ്നും, ന്നാലും ഇന്‍റെ മോന്തക്ക് ഒഴിക്കാതെ പതക്ക്ണ ചായ....!അന്‍റെ വായ പോള്ളീലെ ?‘
അവളെന്‍റെ വായ പൊത്തി

‘അള്ളാ! ഇങ്ങളെ പൊള്ളിക്കാനോ, ഇനിക്കതിനു കയ്യോ?’ ആ ശബ്ദം ഇടറി, ഞാനോളെ മൈലാഞ്ചി ചോപ്പുള്ള കൈ മുറുക്കി പിടിച്ചു

‘ഇല്ല മോളെ ഇനി തമാശക്ക് പോലും സുല്‍പ്പിക്ക വേറൊരു കുട്ടീനേം നോക്കൂലാ’

‘ഊ ഉം’ (ഓള്ക്ക് ഇന്നേ തിരിഞ്ഞീക്ക്ണ്ന്ന് )

‘അല്ല കുട്ടിമോളെ ഇയ്യെങ്ങനാ ഇവിടുന്നു നാട്ടിലുള്ള ഇന്‍റെ കാര്യങ്ങള് അറിഞ്ഞത് ?’

‘സത്താറ്, ഇങ്ങളെ ചങ്ങായി ഇല്ല്യേ അത്തറ് വിക്കുന്ന സത്താറ്, ഓനാണ്‌ ഉപ്പനെകൊണ്ട് ഈ കല്യാണത്തിന് സമ്മയിപ്പിച്ചത്’

‘ആണോ ?’

‘ആണ്, ഓനായിരുന്നു ഇങ്ങളെകൊണ്ട് ഇന്നേ കെട്ടിക്കാന്‍ വാശി’

ഹമ്പടാ സത്താറെ...!

‘എന്നിട്ട് ഓനെ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ’

‘വന്നാ ഓന്‍റെ കാലു വെട്ടുംന്നു പറഞ്ഞു നിക്കാണ് ഉപ്പ, അജ്ജാതി മൊതലിനെ അല്ലെ ഓന് ഉപ്പാന്‍റെ തലയില്‍ കെട്ടിവച്ചത്‘

‘അതേതാ ഞമ്മളറി യാത്തൊരു മൊതല് ?'

‘വേറാര് ഇങ്ങളന്നെ..! ’

പ്ലിംഗ് ! 😷 വേഗം വിഷയം മാറ്റാം

‘എന്തായാലും ഇന്നോട് ഇത്രത്തോളം മോഹബതുള്ള അന്നേ എനിക്ക് കിട്ടിയത് ഇന്‍റെ ഭാഗ്യാണ്‘

പ്ര്ര്രു..ക്ര്ര്ര്ര്ര്ര്‍ കിരി കിരി
‘ഉം...എ.സി ക്ക് വരെ ഇങ്ങളെ മനസ്സിലായി കണ്ടീലെ കളിയാക്ക്ണത് ‘
‘എ സി ക്കെന്തുപറ്റി ?’

‘കൊറച്ചു ദേവസ്സായി..നാളെ ഇങ്ങള് ലീവല്ലേ ആ ബംഗാളിയെ വിളിച്ചു ശരിയാക്കിക്കാം’

‘ഉം ‘

‘ചില്‍ ചില്‍’ മൊബൈലില്‍ നിന്ന് വാട്സാപ് മൈന ചിലച്ചു, തുറന്നു നോക്കിയപ്പോള്‍ ഓഫീസിലെ ഫിലിപ്പൈനി, ഇത്രദിവസ്സം ചാറ്റ് ചെയ്ത് മനുഷ്യന്‍റെ ഉറക്കം നഷ്ട്ടപെടുത്തിയിട്ടും ഓള്‍ക്ക് പൂതി തീര്ന്നിട്ടില്ല്യാ, നാളെ ചെന്നിട്ട് ആ പൂത്യങ്ങു തീര്‍ക്കണം

‘ആരാ...?’

‘എം ഡി യാ നാളെ ഓഫീസിലേക്ക് ചെല്ലാന്‍ ‘
ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി

‘ന്നാ ഞമ്മക്ക് ഉറങ്ങാ ‘

‘ഉറങ്ങണോ ?’

അവള്‍ ചിരിച്ചു ...ഞാനും
പ്ര്ര്രു..ക്ര്ര്ര്ര്ര്ര്‍ കിരി കിരി ക്ടിം!
എ സി അകാല ചരമം പ്രാപിച്ചു !

ചൂട്.. കട്ട ചൂട് !

`````````````````````````
കൂറ്റന്‍ കവാടത്തിന് മുമ്പിലായിരുന്നു 80 കഴിഞ്ഞ കുറത്തിതള്ള അപ്പോള്‍, കവാടത്തിന് മുകളില്‍ അഞ്ച് മൈനകളുടെ ചിത്രം പലവര്‍ണങ്ങളിലുള്ള വിളക്കുകളാല്‍ കത്തികൊണ്ടിരിക്കുന്നു. കവാടത്തിനടുത്ത് വലിയൊരു കാറിനു മുമ്പില്‍ ഒരു സ്ത്രീയും രണ്ടുമൂന്നു ആളുകളും നില്‍ക്കുന്നു.
വൃദ്ധയുടെ കണ്ണുകള്‍ തിളങ്ങി, വേച് വേച്ച് അവര്‍ക്കലരികിലെത്തി

‘അമ്മാ ഭാവി ഭൂതം വര്‍ത്തമാനം’

‘മോനെ നോക്കടാ ഇത് അന്‍റെ ആ കുറത്തി തന്നെ അല്ലെ ?’

മരിച്ചു പോയ ഉമ്മ പറയും പോലെയാണ് സുല്‍ഫിക്ക് തോന്നിയത്,ഒരു നോട്ടമേ നോക്കിയുള്ളൂ. ചുളിവുകള്‍ വീണ് ജടപിടിച്ച ഒരു അസ്ഥിപഞ്ചരം ആയിട്ടുണ്ടെങ്കിലും വാത്സല്യമുള്ള ആമുഖത്തിനു വലിയ മാറ്റമില്ല ! സുല്‍ഫി ഓടി ചെന്ന് കൊച്ചുകുട്ടിയെ പോലെ അവര്‍ക്ക് മുന്നില്‍ മുട്ട്കുത്തി നിന്നു പോക്കറ്റിലുള്ള 500 രൂപ ആ കയ്യില്‍ പിടിപ്പിച്ചു ചോദിച്ചു
‘കുറത്ത്യമ്മേ ഇങ്ങള് എവിട്യേനും, ഇനിക്കായി അഞ്ച് മൈന പിറക്കും എന്ന് പറഞ്ഞിട്ട് ഇങ്ങളന്നു പോയതല്ലേ? എന്നിട്ട് എന്‍റെ മൈനകള്‍ എവിടെ?’
‘എവിടെ പോകാന മോനെ, പണ്ടൊക്കെ ഏതു വീട്ടുകാര്‍ ഓളെ കണ്ടാലും വിളിച്ചിരുത്തും ദക്ഷിണയും ഭക്ഷണവും കൊടുക്കും, അങ്ങിനെ മറ്റുള്ളവരുടെ ഭാവി നോക്കുന്നതിനിടയില്‍ ഓള് ഓളെ ഭാവി ഓര്‍ക്കാന്‍ മറന്നുപോയി.. ഇന്ന് ആര്‍ക്കും ഈ കുറത്തിയെ വേണ്ടാ, ഊരും കുടിയും ഇല്ലാത പാവം ’ ---
ഉമ്മയാണ് ചെറുപ്പത്തിലേ ഞമ്മളെ യതീമാക്കിപോയ ഉപ്പാന്റെ അടുത്ത് പള്ളികാട്ടിലാണ് ഇപ്പോള്‍ കിടത്തം, മറ്റാര്‍ക്കും ഉമ്മാനെ കാണാന്‍ കഴിയില്ലെങ്കിലും ഉമ്മാക്കിപ്പോള്‍ എല്ലാം കാണാം എല്ലാം അറിയാം
കുറത്തിയമ്മ സുല്‍ഫിയെയും 500 രൂപനോട്ടും മാറി മാറി നോക്കി, ആ വൃദ്ധയുടെ കണ്ണുകള്‍ നിറഞ്ഞു
അഴിഞ്ഞു വീഴുന്ന കണ്ടം ട്രൌസറും പിടിച്ചു ഓടിയ പഴയ ചിന്ന തമ്പി ആയിരുന്നു അപ്പോള്‍ അവരുടെ മുന്നില്‍
‘തമ്പി നാന്‍ അപ്പവേ സൊല്ലിയില്ലയാ നീ റാസാ ആയിടും ന്ന്, ഇപ്പൊ നീ ഇന്തനാട്ടുക്ക് മന്നന്‍ താനാ ?
സന്തോഷ കണ്ണീര്‍ തൂവികൊണ്ട് സുല്‍ഫി അതെ എന്ന് തലയാട്ടി
‘നാന്‍ തപ്പ് സോല്ലവെ ഇല്ലേ... നിജമാ ഉനക്കാകെ 5 മൈനകള്‍ പുറന്തിറുക്കുംന്നു, ഇല്ലയാ ‘
സുല്‍ഫി വീണ്ടും തലയാട്ടി, അയാള്‍ കാറിലുള്ള തന്‍റെ മൈനകളെ നോക്കി നെടുവീര്‍പ്പിട്ടു
നാട്ടിലെ കോടീശ്വരന്‍ സുല്‍ഫി സാഹിബ് ഒരു കുറത്തിക്ക് മുമ്പില്‍ മുട്ടുകുത്തിയത് കണ്ടു നാട്ടുകാര്‍ അമ്പരന്നു, അവര്‍ കൌതുകത്തോടെ അവിടെ കൂടി
കാറില്‍ ഇരുന്നിരുന്ന പെണ്‍കുട്ടികള്‍ അവിടേക്ക് ചെന്നു
‘ഇക്കാക്ക് അഞ്ചു മൈനകളെ കിട്ടും എന്ന് പറഞ്ഞപ്പോ ഞങ്ങളൊക്കെ കരുതി ഇക്കാ അഞ്ചു കെട്ടുമെന്ന്, പടച്ചോന്‍ തീരുമാനിച്ചത്, ദാ ഇവരെ ആയിരുന്നു ‘
കുട്ടിമോള്‍ കൂടെയുള്ള തന്‍റെ 5 പെണ്മക്കളെ കുറത്തിതള്ളക്ക് പരിചയപ്പെടുത്തി
‘ഒറ്റ പ്രസവത്തിലാ ഈ അഞ്ച് കുട്ട്യേളും! നാളെ ഇവരെ നിക്കഹാ ഇങ്ങള് ഓരെ അനുഗ്രഹിക്കണം, ഞമ്മളെ ഉമ്മന്‍റെ സ്ഥാനത്ത് നിന്ന്, കുറത്തിഅമ്മക്ക് സന്തോഷായി, അവര്‍ കുട്ടികളെ മനസ്സുനിറഞ്ഞ് അനുഗ്രഹിച്ചു
എല്ലാവരും പോയി കുറത്തിയും സുല്‍ഫിയും മാത്രം തനിച്ചായി
സുല്‍ഫി കുറത്തിഅമ്മയോടു ചോദിച്ചു
‘അല്ല കുറത്തിയമ്മേ ഞാന്‍ അഞ്ചു മംഗല്യം പണ്ണും എന്നല്ലേ നിങ്ങള്‍ അന്ന് പറഞ്ഞത്, എന്നിട്ട് ഞാന്‍ ഒന്നല്ലേ കെട്ടിയിട്ടുള്ളൂ ‘
‘അട റാസാ നീ വെക്കപെടാതെ ഇന്നീം ടൈം ഇറുക് ‘
സുല്‍ഫി സാഹിബിന്‍റെ കണ്ണുകള്‍ ബിരിയാണി ചെമ്പിന്‍റെ വട്ടത്തില്‍ തള്ളി
‘നിജമാ ?’
‘നിജമാ ഹ ഹ ഹ’
കുറത്തി തിരിഞ്ഞു നടക്കാന്‍ തുടങ്ങി
'അമ്മേ '
കുറത്തി ഒരു നിമിഷം നിശ്ചലയായി.. അവരുടെ കയ്യിലെ ഊന്നു വടി താഴെവീണു, വേച്ചുവീഴാന്‍ പോയ അവരെ സുല്‍ഫി ഓടിച്ചെന്നു പിടിച്ചു ..
'കുറത്തിയമ്മ ഇങ്ങള് ഇന്‍റെ ബര്‍ക്കത്ത് ആണ്, ഇങ്ങക്ക് ന്‍റെ കൂടെ വന്നൂടെ.... ന്‍റെ ഉമ്മയായിട്ട്,'
കുറത്തിയുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു, ചുണ്ടുകള്‍ വിറച്ചു,നിരാശയുടെ വടുക്കള്‍ വീണ ആമുഖത്തപ്പോള്‍ വാത്സല്യത്തിന്റെയും പ്രതീക്ഷയുടെയും തിരയിളക്കം കണ്ടു സുല്‍ഫി ചിരിച്ചു
'കൊണ്ട് പൊയ്ക്കോ മോനെ, ഇന്‍റെ പുന്നാരമോന് പടച്ചോന്‍ നല്ലതേ വരുത്തു' -ഉമ്മ! ... ഉമ്മയുടെ കണ്ണും നിറഞ്ഞിട്ടുണ്ട് '
സുല്‍ഫി കുറത്തിയുമായി കാറില്‍ കയറി
ബറക്കത്തുള്ള അമ്മയെയും കൊണ്ട് സുല്‍ഫിയുടെ കാറ് കണ്ണില്‍ നീന്നു മറയുന്നതും നോക്കി നിറഞ്ഞ മനസ്സുമായി ഉമ്മ അവിടെനിന്നു.
സുല്‍ഫി കുറത്തിയുമായി കാറില്‍ കയറി
ബറക്കത്തുള്ള അമ്മയെയും കൊണ്ട് സുല്‍ഫിയുടെ കാറ് കണ്ണില്‍ നീന്നു മറയുന്നതും നോക്കി നിറഞ്ഞ മനസ്സുമായി ഉമ്മ അവിടെനിന്നു.
നിഫ്രാജ് മാങ്കാവ് (നിഫ്രു)

``````````````(അവസാനിച്ചു.)```````````````````````````


TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...