ചേട്ടന്‍
* * * * * *
വയറെരിഞ്ഞാണിന്നെന്‍റെ മോന്‍
അതിലേറെ പുകയുന്നീ മാറത്ത് കിടപ്പൂ
അമ്മയെ ഓര്‍ത്തു നീ ഏങ്ങികരയാതെ
അമ്മിഞ്ഞക്കായി നിൻ ചുണ്ടു പരതാതെ
അമ്മിഞ്ഞ നൽകുവാൻ ആകില്ല എങ്കിലും
നെഞ്ചോട് ചേർത്ത നിന്റമ്മയാണിന്നു ഞാൻ
ഇളമേനിയിലെരിവെയിൽ കൊണ്ട് നീ വാടാതെ
ഇടനെഞ്ചിലെ നോവായ് നിശബ്ദമായ് തേങ്ങാതെ
വെയിലേറ്റു കനലേറ്റു നിൻ തണലായ് മാറുന്ന
കാരുണ്യ നിറവാകും നിന്റച്ഛ നാണിന്നു ഞാൻ
അലിവുള്ളോരാള്‍ വന്നീഫലം വാങ്ങും
ഒരരിമണി കൊണ്ട് നിൻ കുഞ്ഞു വയറും നിറയും
മിഴിനീരുണങ്ങിയ കവിളില്‍ ചെറു ചിരി തെളിയും
ആ പുഞ്ചിരിയിലെന്നുടെ വയറും നിറയും
കൊഞ്ചി കുഴഞ്ഞു കളിച്ചു നീ മയങ്ങുമ്പോള്‍
അമ്മയെകാണാനായ് ഞെട്ടി ഉണരുമ്പോൾ
പുലരോളം താരാട്ട് പാടി ഉറക്കുന്ന
നിദ്ര മറന്ന നിന്‍ ചേട്ടനുമാണിന്നു ഞാന്‍ .
* * * *നിഫ്രാജ് മാങ്കാവ്* * * *